വാത്സിംഗ്ഹാം: ആഗോള തലത്തിൽ മരിയൻ പുണ്യകേന്ദ്രങ്ങളിൽ ഏറെ വിഖ്യാതവും അനുഗ്രഹങ്ങളുടെ പറുദീസയും ഇംഗ്ലണ്ടിലെ നസ്രത്തെന്നും പ്രശസ്തവുമായ വാൽസിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ കാത്തലിക്ക് സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ ആഘോഷിക്കുന്ന പത്താമത് തീർഥാടനം ശനിയാഴ്ച കൊണ്ടാടും.
ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച്, മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രശസ്ത ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിംഗ്ഹാം.
വാത്സിംഗ്ഹാമിൽ എത്തി പ്രാർഥിക്കുന്നവർക്ക് ഫലസിദ്ധിയും മറുപടിയും ലഭിക്കുമെന്നും പ്രിയപുത്രന്റെ സാന്നിദ്ധ്യം സദാ ഉണ്ടായിരിക്കുമെന്നും പരിശുദ്ധ അമ്മ വാഗ്ദാനം നൽകിയിരുന്നു. ഇവിടെയെത്തി വാത്സിംഗ്ഹാം അമ്മയുടെ മാധ്യസ്ഥം വഴി പ്രാർഥിച്ചു രോഗ ശാന്തി, സന്താന ലബ്ദി അടക്കം നിരവധിയായ ഉദ്ദിഷ്ഠ കാര്യങ്ങൾ സാധിച്ചവരുടെ വിശ്വാസ ജീവിത സാക്ഷ്യങ്ങൾ ഏറെയാണ്.
ശനിയാഴ്ച നടക്കുന്ന തീർഥാത്ഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതയുടെ അധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാർമികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ വികാരിജനറാളും പ്രോട്ടോ സെഞ്ചുലോസും സഭാ പണ്ഡിതനുമായ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മരിയൻ സന്ദേശം നൽകും.
ഫാ. ജിനു മുണ്ടുനടക്കലിന്റെ അജപാലന നേതൃത്വത്തിൽ, കേംബ്രിഡ്ജ് റീജിയണിലെ സീറോമലബാര്‍ വിശ്വാസ സമൂഹം, തീർഥാടകർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ക്രമീകരിച്ച് അലങ്കാരങ്ങളും തിരുന്നാൾ ഒരുക്കങ്ങളുംപൂർത്തിയാക്കി മാതൃഭക്ത ജനസാഗരത്തെ വരവേൽക്കുവാൻ സജ്ജമായിരിക്കുകയാണ്.
തീർഥാടനത്തിന്റെ വിജയത്തിനായി ഭവനങ്ങൾ കേന്ദ്രീകരിച്ച് മധ്യസ്ഥ പ്രാർഥനകൾ നടത്തിവരുന്ന കേംബ്രിഡ്ജ് റീജണൽ സീറോമലബാർ സമൂഹമാണ് തീർഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ മിഷനുകളിൽ നിന്നും തന്നെ തിരുന്നാൾ ഏറ്റെടുത്തു നടത്തുന്നതിനായി പ്രസുദേന്തിമാരായി ചേരുവാൻ രൂപത അവസരം ഒരുക്കിയിരുന്നു. പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്കായുള്ള അവസരം നീട്ടി നൽകിയിട്ടുണ്ട്.
https://forms.office.com/e/5CmTvcW6p7